Tuesday, April 14, 2009

വീണ്ടും കൊന്നകള്‍ പൂക്കുന്നു

വീണ്ടും ഒരു വിഷു കൂടി വന്നു പോയി. ഇതിന് മുന്‍പത്തെ ഇരുപത്തേഴു വിഷു പോലെ ഇതും. പക്ഷെ ഓരോ വര്‍ഷവും വിഷുവിന്റെ നിറം മങ്ങിക്കൊണ്ടിരിക്കുന്നു. പ്രായമായ ആളുകള്‍ പറയുന്ന പോലെ പണ്ടത്തെ വിഷു തന്നെ വിഷു. ഇപ്പോഴത്തെ വിഷുവിനെ ആരവങ്ങലില്ല, നിര്‍മലമായ മനസുകളുടെ നിഷ്കളങ്കതകളില്ല, കാറ്റിനു കൊന്നയുടെ മണവും, പ്രകൃതിക്ക്‌ കൊയ്ത്തു വര്‍ഷരംഭതിന്റെ സന്തോഷവുമില്ല.

ഇതൊക്കെ പറയാന്‍ നീ എത്ര വിഷു കണ്ടിട്ടുണ്ടെടാ എന്ന് ചോദിച്ചേക്കാം. ഇല്ല സമ്മതിച്ചു, പക്ഷെ ഈ ക്ഷിപ്ര ജീവിതത്തില്‍ (ഫാസ്റ്റ് ലൈഫ്) മാറ്റങ്ങള്‍ ഒക്കെ വളരെ പെട്ടന്നാണ്. പഴമക്കാര്‍ ഒരു വ്യാഴ വട്ടം കൊണ്ടു മനസിലാക്കിയത്, ഇപ്പോള്‍ മൂന്നു നാല് വര്ഷം കൊണ്ടു പഠിക്കുന്നു.

വിഷുക്കണി കണ്ടു ഉണരുകയും, വിഷു സദ്യ ഉണ്ണുകയും ഒക്കെ പുതുതലമുറക്ക്‌ ഇനി ടീവീ യില്‍ നിന്നു കിട്ടിന്നു ഒരനുഭവം മാത്രം ആകും. ഈശ്വരന് നന്ദി എനിക്കും എന്നെ പോലുല്ലവര്‍ക്കും ചെറുപ്പത്തില്‍ ഇതൊക്കെ അനുഭവിക്കാന്‍ പറ്റി.

ഇപ്പൊ കാലത്തു ടീവീയിലെ കണിയും, ഉച്ചക്കെ ഒരു സ്മോള്ളും, ബാക്കി ടീവീ പരിപാടികളും മാത്രമായിരിക്കുന്നു ഇപ്പോഴത്തെ കേരള ജനതയുടെ വിഷു ആഘോഷം.

എന്‍റെ വിശേഷവും വ്യത്യസ്തമല്ല, പക്ഷെ പണ്ടു മുതലേ മാറാത്ത രണ്ടു കാര്യങ്ങളുണ്ട്, വെളുപ്പിന് അമ്മ ഒരുക്കുന്ന കണിയും, ഉച്ചക്കുള്ള വിഷു സദ്യയും. രണ്ടിന്റേയും ഭംഗിയും സ്വാദും ഇപ്പോഴും മായമില്ലാതെ ഇരിക്കുന്നു. അടുത്ത വിഷു വരെ ഓര്‍ത്തിരിക്കാന്‍ ഇതു ധാരാളം.

വീണ്ടും കൊന്നകള്‍ പൂക്കട്ടെ, കാര്‍ഷിക സമ്പത്തിന്‍റെ ആഘോഷങ്ങള്‍ വീണ്ടും ഉണ്ടാകട്ടെ, ഫ്ലാറ്റ് ജീവിതത്തില്‍ ബാല്യം ഹോമിച്ച കുരുന്നുകള്‍ക്ക് ചാനലുകലെന്കിലും നിറങ്ങള്‍ പകരട്ടെ.

സുവര്‍ണ്ണ നിറങ്ങള്‍ പൊഴിച്ചു കൊന്നകള്‍ പൂക്കുന്ന അടുത്ത് വിഷുവിനായി കാത്തിരിക്കുന്നു........................